” അമ്മേ അച്ഛൻ വരുന്നു ” …. പേടിച്ചു അരണ്ട ഒരു നിലവിളിയോടെ അച്ഛന്റെ വരവ് അമ്മയെ അറിയിക്കുന്ന മക്കൾ. നിശബ്ദമായ ആ വീട്ടിൽ ഒരേ ഒരു വ്യക്തിയുടെ അട്ടഹാസങ്ങളും, ചിലരുടെ ദീന രോദനങ്ങളും. മദ്യപിച്ചു ബോധമില്ലാതെ അയാൾ കാട്ടി കൂട്ടുന്ന പ്രവർത്തികളിൽ മനം നൊന്തു ആ അമ്മയും മക്കളും. അവരുടെ മനസ്സിനേൽക്കുന്ന ആഴമേറിയ മുറിവുകൾ അയാൾ അറിയുന്നേയില്ല. തനിക്കു ചുറ്റും ഉള്ളവർ തന്റെ അടിമകളും ‘ഞാൻ അധ്വാനിക്കുന്നു, ഞാൻ കുടിക്കുന്നു ‘ എന്ന് വീമ്പു പറയുന്ന ഒരു മദ്യപാനിയുടെ വീട്ടിലെ സ്ഥിരം സായാഹ്നം.
കേരളം പോലെ രാഷ്ട്രിയ പ്രബുദ്ധത ഉള്ള, സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തിന്റെ ശോചനീയമായ ഒരു അവസ്ഥയാണ് മുകളിൽ വിവരിച്ചത്. ഒരു മദ്യപാനിയും ചിന്തിക്കുന്നില്ല അവന്റെ ഭാര്യയുടെ, മക്കളുടെ ജീവിതം എത്ര മാത്രം
വ്രണിതപെടുത്തിയിട്ടുണ്ട് എന്ന്. അവൻ ചെയ്യുന്ന എല്ലാം തെറ്റുകൾക്കും ബോധം വരുമ്പോൾ അവനുണ്ട് ഒരു മറുപടി, ” എല്ലാം കള്ളിന്റെ പുറത്തു പറ്റിയതാണ് ” എന്ന്.
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്താണ് മദ്യപാനവും, അത് മൂലം ഉണ്ടാകുന്ന ആക്രമങ്ങളും. ഇന്ന് പന്ത്രണ്ടു വയസ്സിൽ കുട്ടികൾ മദ്യപാന ശീലം തുടങ്ങുന്നതായ് ചില കണക്കുകൾ പറയുന്നു. ഒരു നേരംപോക്കായി മദ്യം ഉപയോഗിച്ച് തുടങ്ങിയവരിൽ മൂന്നിൽ ഒരാൾ സ്ഥിരം മദ്യപാനി ആയി തീരുന്നുണ്ട്. കേരളത്തിൽ ജനസംഖ്യ അടിസ്ഥാനത്തിൽ ഒരാൾ ഒരു വർഷം 8 ലിറ്റർ മദ്യം ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഒന്ന് നാം ഓർക്കണം, ദേശീയ ശരാശരി 5. 7 ലിറ്റർ ഉള്ളപ്പോഴാണ് കേരളം പോലെ പ്രബുദ്ധരായ ആളുകൾ ഉള്ള ഒരു സംസ്ഥാനത്തു ഈ അവസ്ഥ. ഇത് ഔദ്യോദിക കണക്കുകൾ മാത്രം. യഥാർത്ഥ ഉപയോഗം ഇതിലും എത്രയോ ഇരട്ടി ആയിരിക്കും. മുൻവർഷങ്ങളേ അപേക്ഷിച്ചു 2017-18 സാമ്പത്തിക വർഷത്തിൽ മദ്യ വില്പനയുടെ അധിക വരുമാനം ഏകദേശം 671 കോടി രൂപയാണ്. ഓരോ ആഘോഷങ്ങൾക്കും ജില്ല തിരിച്ചും പഞ്ചായത്തുകൾ തിരിച്ചും മറ്റും മദ്യ വില്പനയുടെ വരുമാനം ആഘോഷിക്കുന്നത് നാം കണ്ടിട്ടുണ്ട്.എങ്കിൽ വളരെ കുറച്ചു പേര് മാത്രമേ ഈ മദ്യപാനത്തിലൂടെ ഇല്ലാതാകുന്ന കുടുംബങ്ങളെ കുറിച്ച് ഓർക്കാറുള്ളു, ഈ മദ്യപാനികൾ ഉണ്ടാക്കുന്ന സാമൂഹിക ദ്രോഹങ്ങളെ കുറിച്ച് സംസാരിക്കാറുള്ളു.
മദ്യപാനം സാമ്പതികവും കുടുംബപരവും ആയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തെ ബാധിക്കുന്നു. കരളിനെ ആണു ഏറ്റവും അധികം മദ്യപാനം ബാധിക്കുന്നത്. അമിത മദ്യപാനം ശരീരത്തിലെ ഓക്സിജൻ വാഹകരായ ചുവന്ന രക്താണുക്കളെ ഇല്ലാതാക്കി അനീമിയ പോലെയുള്ള രോഗങ്ങൾക്കു കാരണം ആകുന്നു. ഹൃദയാഘാതം, മസ്തിഷ്ക ആഘാതം തുടങ്ങിയ അവസ്ഥകളിലേക്കും, തലച്ചോറിലെ പല ഭാഗങ്ങൾ ചുരുങ്ങുന്നതിലേക്കും അത് വഴി ഓർമ്മ കുറവും , കാഴ്ച കുറവും സ്ഥിരമായ മദ്യപാനം കൊണ്ടെത്തിക്കുന്നു. അമിത രക്ത സമ്മർദം, വിഷാദ രോഗം, പ്രമേഹം തുടങ്ങി ഒരു പിടി രോഗങ്ങളുടെ പ്രധാന കരണക്കാരനും ഈ മദ്യപാന ശീലം തന്നെ ആണ്.
മിക്ക മദ്യപാനികൾക്കും താൻ മദ്യപിച്ചാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് അറിയാം എന്നുള്ളതാണ് ഏറ്റവും വേദനജനകമായ സത്യം. എന്നാൽ അതിൽ നിന്നും കര കയറാൻ പറ്റാത്ത വിധം നിസ്സഹായനായി പോകുന്ന ദുരവസ്ഥ ആണു ഉണ്ടാകുന്നതു. അവർ തികച്ചും ഒരു ഭീരു ആണു. സ്വയം സംസാരിക്കാൻ കഴിയാത്ത, ചിന്തിക്കാനോ, പ്രവർത്തിക്കുവാനോ കഴിയാത്ത…. സ്വന്തം മാനസിക അവസ്ഥകൾ നിയന്ത്രിക്കുവാനോ പോലും കഴിയാത്ത ഒരു ഭീരു.
ഇന്ന് വിവാഹം മോചനത്തിന്റെ കണക്കുകൾ എടുക്കുമ്പോഴും മദ്യപാനം തന്നെയാണ് അവിടെയും വില്ലൻ. സ്വന്തം സുഖങ്ങൾ തേടി പോകുന്ന ഒരു മദ്യപാനിയും മനസിലാക്കുന്നില്ല അവന്റെ കുടുംബവും കുട്ടികളും കടന്നു പോകുന്ന അവസ്ഥ എന്താണെന്നു.
ഡീഅഡിക്ഷൻ സെന്റർ കളും മറ്റു സാമൂഹിക സംഘനകളും ഒന്നും പ്രതീക്ഷിച്ച ഫലം കാണിക്കുന്നില്ല എന്നതാണ് വർഷം തോറും കൂടി വരുന്ന മദ്യപാനത്തിന്റെ ഉപയോഗത്തിൽ നിന്നും നാം മനസിലാക്കേണ്ടത്.
കുടുംബത്തോടുള്ള ചുമതലാ ബോധം ഇല്ലാത്തവരിൽ ആണു മദ്യപാന ശീലം കൂടുതൽ ആയി കണ്ടു വരുന്നത്. മദ്യപാനം ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിൽ, ആ ശീലം ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആകുമ്പോൾ അവൻ മദ്യപാനത്തിന് അടിമയായ സ്ഥിതിയിൽ എത്തി എന്ന് നാം മനസിലാക്കണം. അവർ അപ്പോൾ ഒരു രോഗാവസ്ഥയിൽ ആണ്. മറ്റേതൊരു രോഗിക്കും കിട്ടേണ്ട പരിഗണന ഇവർക്കും നാം നൽകേണ്ടതുണ്ട്. അതിനാദ്യം വേണ്ടത് മദ്യപാനശീലത്തിലൂടെ അവൻ സ്വയം മാത്രമല്ല, അവന്റെ കുടുംബത്തെയും നശിപ്പിക്കുകയാണ് എന്ന അവബോധം അവനിൽ ഉണ്ടാക്കണം. അതിനു വേണ്ടി എപ്പോഴും അവൻ ബഹുമാനിക്കുന്ന, കുടുംബത്തിനു അകത്തോ പുറത്തൊ ഉള്ള ഒരാളു തന്നെ മുന്നിട്ടിറങ്ങണം.
മദ്യം ഉയർന്ന അളവിൽ ഉപയോഗിക്കുന്ന ഒരാൾ പെട്ടെന്ന് ഒരു ദിനം നിർത്തുമ്പോൾ പല വിധ പ്രശ്നങ്ങളും ഉണ്ടാകുന്നു ഉറക്കക്കുറവ്, വിറയൽ, പിന്മാറ്റ അസ്വസ്ഥതകൾ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.
മാറി മാറി വരുന്ന ഭരണകൂടങ്ങൾ എല്ലാം തന്നെ വരുമാനത്തെ മാത്രം ലക്ഷ്യം കണ്ടു മദ്യ വിൽപ്പനയെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രോത്സാഹിപ്പിക്കുകയാണ്. ഈ വിപത് സമൂഹത്തിൽ നിന്നും തുടച്ചു നീക്കി നമ്മുടെ വരും തലമുറയെ നല്ല രീതിയിൽ വാർത്തെടുക്കാൻ സാമൂഹിക സംഘടനയുടെയും, ഭരണ കൂടത്തിന്റെയും, നാം ഓരോതരുടെയും സഹകരണം അത്യാവശ്യം ആണ്.