‘ ഫറൂസിയ ലംബോർഗിനി ‘ എന്ന പ്രസിദ്ധനായ കാർ നിർമ്മാതാവിനെ നമ്മൾ അറിയുന്നത് ലംബോർഗിനി കാറിലൂടെയാണ്. ചെറുപ്പം മുതൽ ദാരിദ്ര്യം മാത്രം കേട്ടു വളർന്ന ഒരാൾ. ഇറ്റലിയിലെ ഒരു മുന്തിരി തോട്ടത്തിലെ ഒരു കർഷകന്റെ മകൻ. പണിസ്ഥലത്തെ ട്രാക്കറുകൾ കേടാകുമ്പോൾ അത് ശ്രദ്ധയോടെ നോക്കി നിന്നിരുന്ന കുട്ടിയെ അച്ഛൻ ലംബോർഗിനി ശ്രദ്ധിച്ചിരുന്നു. ആ കാലത്തു ഫറുസിയ രണ്ടാം മഹായുദ്ധത്തിനു നിർബന്ധിത സൈനിക സേവനങ്ങൾക്ക് അയക്കപെടുകയും ചെയ്തു. ഏറെ കഷ്ടതകൾ അനുഭവിച്ചിരുന്ന ആ കാലഘട്ടത്തിനിടയിലും ഫറൂസിയ യുദ്ധത്തിന് ഉപയോഗിച്ചിരിക്കുന്ന യന്ത്രങ്ങളെ കുറിച്ച് പഠിച്ചു. നാട്ടിൽ തിരികേ എത്തിയ ഫറൂസിയ ഒരു ട്രാക്ടർ നിർമ്മാണ കമ്പനി തുടങ്ങുവാൻ തീരുമാനിച്ചു. യുദ്ധ കാലത്തു ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ട്രാക്ടറുകളുടെ വില വളരെ കുറവായിരുന്നു. അത് കൊണ്ട് തന്നെ അത് വിപണിയിൽ പെട്ടെന്ന് വിറ്റഴിഞ്ഞു. സാമ്പത്തികമായി വളർന്നപ്പോൾ ആഡംബര കാറുകൾ ഏറെ ഇഷ്ടപെടുന്ന ഫറൂസിയ ഒരു ഫെറാരി കാർ സ്വന്തമാക്കി. പക്ഷെ കാറിന്റെ ക്ലച്ച് സ്ഥിരം പ്രശ്നം ആണ്. ഒരു മെക്കാനിക്ക് എന്ന നിലയിൽ സ്വയം അത് നേരെയാക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപെട്ടു. ഒടുവിൽ കാർ കമ്പനി ഉടമയായ എൻസോ ഫെറാരിയെ കാണാൻ ഫറൂസിയ ചെന്നു. ‘ ക്ലെച്ച് ന്റെ കംപ്ലയിന്റ് മാറ്റിയാൽ ലോകത്തിലെ ഏറ്റവും മികച്ച കാർ എന്നാ പേര് ഫെറാറി ക്ക് ലഭിക്കും’ എന്ന് ഫറൂസിയ വിനീതമായി പറഞ്ഞു. എന്നാൽ ഫെറാരിയുടെ മറുപടി ഇങ്ങനെ ആയിരുന്നു ‘ ട്രാക്ടർ ഉണ്ടാക്കുന്നവൻ ആ പണി നോക്കിയാൽ മതി. ഫെരാരിയുടെ കാര്യം ഞാൻ നോക്കികോള്ളാം’ ഹൃദയം നുറുങ്ങുന്ന അപമാനത്തോടെ ഫറൂസിയ അവിടെ നിന്നുമിറങ്ങി. ഏറ്റ അപമാനം ഒരു കനലായി നെഞ്ചിലെരിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഒരു കാർ നിർമ്മിക്കുവാൻ ഫറൂസിയ തീരുമാനിച്ചു. ആ തീരുമാനം ഉറച്ചതായിരുന്നു… ഒരു പർവതത്തിന്റെ ഉറപ്പ്. അങ്ങനെ “ലംബോർഗിനി” എന്ന കാർ വിപണിയിൽ ജന്മം കൊണ്ടു.
ചില തിരസ്കരണങ്ങൾ പുതിയ തീരുമാനങ്ങളിലേക്കുള്ള ചുവടുവെപ്പുകൾ ആണ്. നമ്മളെ പരിഹസിക്കുന്നവർക്ക് മുന്നിൽ അടിപതറാതെ ഇരിക്കുക. ഒരു നിമിഷം കൊണ്ട് ആരേയും അളക്കരുത്. പരാതികളോ, വിഷമങ്ങളോ പറഞ്ഞു വരുന്നവരുടെ മുന്നിൽ സ്വന്തം സ്ഥാനമാനങ്ങളുടെ പേരിൽ അഹങ്കരിച്ചു അപമാനിക്കരുത്. പരാജയങ്ങളെ, വേദനകളെ, ഒറ്റപെടുത്തലുകളെ ഊർജ്ജമാക്കുക. വീര്യമുള്ള മനസ്സിന് മുന്നിൽ എല്ലാ അവഗണകളും നിഷ്ഫലമാകും…