വിഷാദ രോഗം കുട്ടികളിൽ

ഇന്ന് സമൂഹം നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വിഷാദ രോഗം. മനുഷ്യ മനസ്സിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളിൽ ഒന്ന്. വിഷാദ രോഗം മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന അസുഖം എന്ന ധാരണയാണ് പൊതുവെ ഉള്ളത്. അത് കൊണ്ട് തന്നെ കുട്ടികളെയും കൗമാരത്തിലുള്ളവരെയും ഈ രോഗം ബാധിക്കുമ്പോൾ എല്ലായ്പോഴും തിരിച്ചറിയണം എന്നില്ല.
വളരെ ചെറിയ പ്രായം മുതൽ തന്നെ കുട്ടികളിൽ വിഷാദ രോഗത്തിന് സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇന്നത്തെ കാലത്തു അഞ്ചു വയസുള്ള കുട്ടികൾ തൊട്ടു വിഷാദ രോഗം കണ്ടു വരുന്നതായി ചില മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. കുട്ടികളിൽ കാണപ്പെടുന്ന ചെറിയ വിഷമങ്ങളും ഏകാന്തതയും ഒരു പക്ഷെ വിഷാദ രോഗമായി താരതമ്യം ചെയ്യേണ്ടത് ഇല്ല. ഇതിനുള്ള പ്രധിവിധി നമുക്ക് വീട്ടിൽ തന്നെ കണ്ടെത്താവുന്നതാണ്. എന്നാൽ ഒരു പരിധി കഴിഞ്ഞു അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന ഒരു സ്ഥിതി എത്തുമ്പോൾ തീർച്ചയായും നാം ചികിത്സ തേടേണ്ടതാണ്. പതിമൂന്നിനും പാതിനാറിനും മദ്ധ്യേ പ്രായത്തിനിടയിൽ ഉള്ള കുട്ടികളിൽ നടത്തിയ പഠനങ്ങളിൽ നിന്നും നാലിൽ ഒരു കുട്ടിക്ക് ഡിപ്രെഷൻ ഉള്ളതായി കണ്ടെത്തി. കുട്ടികളുടെ മനസ്സിൽ ഉണ്ടാകുന്ന മുറിവുകൾ നാം പലപ്പോഴും ശ്രദ്ധിക്കാറേയില്ല. നമുക്ക് ചെറുത് എന്ന് തോന്നുന്ന പല വിഷയങ്ങളും അവർക്ക് താങ്ങാൻ ആവാത്തതാണ്.
തുടക്കത്തിൽ തന്നെ കണ്ടു പിടിക്കാൻ പറ്റാത്തത് കൊണ്ട് രോഗം മൂർച്ഛിച്ചതിനു ശേഷം ആണ് പലരും ചികിത്സ തേടുന്നത്. മുതിർന്നവരിൽ നിന്നും കുറച്ചു വ്യത്യസ്തമായ ലക്ഷണങ്ങൾ ആണ് കുട്ടികളിൽ കാണുന്നത്. മുതിർന്നവരിൽ സങ്കടം, ഉന്മേഷമില്ലായ്‌മ, ക്ഷീണം എന്നിവയാണ് ലക്ഷണമെങ്കിൽ, കുട്ടികളിൽ മേൽ പറഞ്ഞ ലക്ഷങ്ങൾക്ക് പുറമെ അവർ കാണിക്കുന്ന “ദേഷ്യം ” വിഷാദത്തിന്റെ ലക്ഷണം ആയേക്കാം. അങ്ങനെയുള്ള കുട്ടിയെ നാം ശരിയായ രീതിയിൽ പരിഗണിച്ചില്ലെങ്കിൽ അവനിൽ രോഗാവസ്ഥ കൂടാൻ കാരണം ആയേക്കാം.
ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണ്, യോഗ്യൻ അല്ല എന്ന് ചിന്ത ഒരു കുട്ടിയുടെ മനസ്സിൽ ഉരുത്തിരിയുന്നതോടെ അവൻ പതിയെ വിഷാദ രോഗത്തിന് അടിമപ്പെടുകയാണ്. പഠനത്തിൽ പിന്നോക്കം പോകാനും, ശ്രദ്ധക്കുറവും പ്രസരിപ്പില്ലായ്മയും ഒക്കെ വിഷാദ രോഗത്തിന്റെ ഫലമായി ഉണ്ടായേക്കാം. ഭക്ഷണത്തോടുള്ള വിരക്തി അല്ലെങ്കിൽ അമിത ആവേശം , ഉറക്കത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ, ഏകാഗ്രത നഷ്ടപ്പെടുക ഇവയൊക്കെ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. ആൺകുട്ടികളിലും പെൺകുട്ടികളിലും മിക്കവാറും വ്യത്യസ്തമായ രീതിയിൽ ആണ് ഈ രോഗം കണ്ടു വരുന്നത്. വിഷാദ രോഗം ഉള്ള ചില പെൺകുട്ടികൾ സ്വയം ഉൾവലിഞ്ഞു ജീവിക്കുകയും, ഭക്ഷണത്തോട് വിരക്തി കാണിക്കുകയും ചെയ്യുന്നു.മിക്ക പെൺകുട്ടികളും ഈ രോഗത്തെ മറി കടക്കാൻ പ്രണയബന്ധങ്ങളിൽ ചെന്ന് വീഴുന്നു. എന്നാൽ ഈ രോഗം ഉള്ള ആൺകുട്ടികൾ അസ്വസ്ഥത നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലും, ഇതിനെ മറി കടക്കാൻ അവർ മൊബൈൽ, കംപ്യൂട്ടർ ഗെയിമുകളിൽ അടിമപ്പെടുകയും ചെയ്യുന്നു.
എന്തു കൊണ്ടാണ് കുട്ടികളിൽ വിഷാദ രോഗം കൂടുവാൻ കാരണം എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
പഠനകാര്യത്തിൽ ആയാലും, കലാപരമായ കാര്യത്തിൽ ആയാലും മറ്റു കുട്ടികളെ താരതമ്യം ചെയ്തു കൊണ്ട് ഇന്നത്തെ കുട്ടികൾ രക്ഷിതാക്കളിൽ നിന്നും അനുഭവിക്കുന്ന സമ്മർദ്ദം ഒരു വലിയ കാരണം ആണ്. മാനസികമായും വൈകാരികപരമായും സമ്മർദ്ദങ്ങൾ നേരിടാൻ കഴിയാത്ത കുട്ടികളിൽ വളരെ എളുപ്പത്തിൽ വിഷാദ രോഗത്തിന് അടിമപെടുന്നു. അണുകുടുംബത്തിൽ കഴിയുന്ന മിക്കവാറും കുട്ടികൾ മാതാപിതാക്കളുടെ അമിത ശ്രദ്ധക്ക് കാരണമാകുന്നു. അവരെ അവരായി വളരാൻ മാതാപിതാക്കൾ അനുവദിക്കുന്നില്ല. ഇന്നത്തെ കുട്ടികളുടെ ബാല്യം സ്കൂളിലും ട്യൂഷൻ സെന്റർ കളിലും തളച്ചിട്ടിരിക്കുകയാണ് . കുട്ടികളെ മാനസികമായി തളർത്തുന്ന മറ്റൊരു കാര്യം കുടുംബാന്തരീക്ഷം ആണ്. അച്ഛനമ്മമാർ തമ്മിലുള്ള പ്രശ്നങ്ങൾ, കുട്ടികളോടുള്ള അവഗണന ഇങ്ങനെ പലതും അവന്റെ മാനസിക ആരോഗ്യത്തെ ബാധിച്ചേക്കാം. അച്ഛന്റെ അമിത മദ്യപാനം, അമ്മയും അച്ഛനുമായുള്ള വഴക്കുകൾ ഇവ ഒരു കുട്ടിയിലേക്ക് വിഷാദത്തിന്റെ വിത്തുകൾ പാകാൻ പ്രാപ്തമായ കാര്യങ്ങൾ ആണ്.
താഴെ പറയുന്ന കാര്യങ്ങളിൽ നാം ശ്രദ്ധ പതിപ്പിച്ചാൽ ഒരു പരിധി വരെ കുട്ടികളിലെ വിഷാദ രോഗം ഇല്ലാതാക്കാൻ നമുക്ക് കഴിയും

നല്ല കുടുംബാന്തരീക്ഷം നില നിർത്തുക

അനാവശ്യ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക

ഏതു വിഷയത്തിലും വീട്ടുകാരും ആയി പങ്കു വെക്കാൻ ഉള്ള അവസരം ഉണ്ടാക്കുക

കുട്ടികളുടെ പ്രശ്നം ക്ഷമയോടെ കേൾക്കുക

അവർക്കു സമൂഹവുമായി ഇടപെഴകുവാൻ അവസരം ഉണ്ടാക്കുക

സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാൻ അവസരം കൊടുക്കുക. വിനോദങ്ങളിലും കളികളിലും ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക .

പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.

കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയുക. അവയെ കണ്ടില്ല എന്ന് നടിക്കാതെ ഇരിക്കുക.

ഏതൊരു കുട്ടിയിലും വിഷാദ രോഗം ഇല്ലാതെ ആക്കാൻ മാനസിക ആരോഗ്യം ഒരു പ്രധാന ഘടകം ആണ്. നാം അടങ്ങുന്ന സമൂഹത്തിനു, മാതാപിതാക്കൾക്ക്, സുഹൃത്തൾക്കു, അധ്യാപർക്കു എല്ലാവർക്കും കഴിയും ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ.

This entry was posted in blog. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *

Copyright ©. Designed By www.extrememedia.in

For Appointment